കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ നടക്കുന്ന കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന്റെ നൃത്ത-സംഗീതവേദികള്‍ ഇന്നുണരും. സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി ഒ.ആര്.കേളു നിര്‍ഹിക്കും.
രാജ്മോഹന്‍ ഉണ്ണിത്താന് എംപി, ജില്ലയിലെ എംഎല്‍എമാര്‍, വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്ത പ്രകമ്പനം സിനിമയുടെ അഭിനേതാക്കള്‍, അണിയറപ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിക്കും. മോഹിനിയാട്ടം, നാടോടിനൃത്തം, മാര്‍ഗംകളി, പരിചമുട്ട്, മോണോആക്ട്, മിമിക്രി, സംഘഗാനം, പാശ്ചാത്യസംഗീതം എന്നിവയാണ് ഇന്നത്തെ പ്രധാന ഇനങ്ങള്‍.
രണ്ടാംദിനം സ്റ്റേജിതരമത്സരങ്ങള്‍ സമാപിച്ചപ്പോള്‍ 124 പോയന്റുമായി വിളയങ്കോട് വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (വിറാസ്) ഒന്നാംസ്ഥാനത്ത് തുടരുകയാണ്. 84 പോയന്റുമായി തലശേരി ബ്രണ്ണന്‍ കോളജാണ് രണ്ടാംസ്ഥാനത്ത്. 70 പോയന്റുമായി പയ്യന്നൂര്‍ കോളജാണ് മൂന്നാമത്. 62 പോയന്റ് വീതം നേടി വിദ്യാനഗര്‍ ചാല കാസര്‍ഗോഡ് കാമ്പസും കൂത്തുപറമ്പ് നിര്‍മലഗിരി കോളജും നാലാംസ്ഥാനത്തും 60 പോയന്റോടെ തളിപ്പറമ്പ് സര് സയ്യിദ് കോളജ് അഞ്ചാം സ്ഥാനത്തുമുണ്ട്.
ചാര്‍ക്കോളില്‍ വിജയചിത്രമെഴുതി വൈദികവിദ്യാര്‍ഥി
കാഞ്ഞങ്ങാട്: ചാര്‍ക്കോള്‍ ഡ്രോയിംഗില്‍ ഒന്നാംസ്ഥാനം നേടി വൈദികവിദ്യാര്‍ഥി. അങ്ങാടിക്കടവ് ഡോണ്‍ബോസ്കോ കോളജിലെ മൂന്നാംവര്‍ഷ ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ വിദ്യാര്‍ഥിയായ ബ്രദര്‍ എം.എസ്.ഷാരൂണ്‍ ജൂഡാണ് വിജയി. കൊല്ലന്റെ ആല എന്നതായിരുന്നു മത്സരവിഷയം.
ക്ലരീഷന്‍ മിഷനറിയായ ഷാരൂണ്‍ ഇതാദ്യമായാണ് കലോത്സവവേദിയില്‍ വിജയം നേടുന്നത്. ചിത്രകല ഔപചാരികമായി പഠിച്ചിട്ടില്ലെങ്കിലും ആര്‍ട്ടിസ്റ്റായ പിതാവിനൊപ്പം പ്രവര്‍ത്തിച്ചതിന്റെ പരിചയമാണ് മത്സരത്തില്‍ വിജയം നേടാന്‍ സഹായിച്ചതെന്ന് ഷാരൂണ്‍ പറയുന്നു. വയനാട് വൈത്തിരിയിലെ മാറാപ്പിള്ളില്‍ ഷാജു-റെനി ദന്പതികളുടെ മകനാണ്.
ധന്യ കീപ്പേരി വീണ്ടും കഥപറയും
കാഞ്ഞങ്ങാട്:ഒരുകാലത്ത് കഥാപ്രസംഗവേദിയിലെ 'സൂപ്പര്‍ സ്റ്റാര്‍' ആയിരുന്ന ധന്യ കീപ്പേരി രണ്ടുപതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് വിരാമമിട്ട് വീണ്ടും കഥപറയാനൊരുങ്ങുന്നു. നെഹ്റു കോളജില്‍ പ്രീഡിഗ്രി പഠനകാലത്ത് കണ്ണൂര്‍ സര്‍വകലാശാലയുടെ പ്രഥമ കലാതിലകമായ ധന്യ ഇന്ന് ഇതേ കോളജില്‍ മലയാളവിഭാഗം മേധാവിയാണ്.
പ്രശസ്ത കാഥികന് കെ.എന്‍.കീപ്പേരിയുടെയും ഹെല്‍ത്ത് ഇന്‍സ്പെക്ടറായിരുന്ന ദീപ കീപ്പേരിയുടെയും മകളായ ധന്യ രണ്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി കലോത്സവത്തില്‍ വിജയിയാവുന്നത്. മൂന്നാംക്ലാസില്‍ പഠിക്കുമ്പോള്‍ നീലേശ്വരത്ത് നടന്ന സംസ്ഥാന ടൂറിസം വാരാഘോഷത്തില്‍ 30 മിനുട്ട് ദൈര്‍ഘ്യമുള്ള കഥാപ്രസംഗം അവതരിപ്പിച്ച് പൊതുവേദിയില്‍ അരങ്ങേറ്റം കുറിച്ചു.
തുടർന്ന് യാഗമേഷം എന്ന ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പുരാണകഥ അവതരിപ്പിച്ച് പ്രഫഷണല്രംഗത്തേക്ക് കാലെടുത്തുവച്ചു. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മൂന്നുതവണ കഥാപ്രസംഗ വിജയകിരീടം ചൂടിയ ധന്യ രണ്ടു തവണ യൂണിവേഴ്സിറ്റി കലാതിലകവും എട്ടു വര്‍ഷം ജില്ലാ കലാതിലകവുമായിരുന്നു. ആയിരത്തിലേറെ വേദികളില്‍ കഥാപ്രസംഗം അവതരിപ്പിച്ചു. 1998ല്‍ ലോക മലയാളി സമ്മേളനത്തില്‍ പ്രത്യേക ക്ഷണിതാവായി കഥാപ്രസംഗം, കഥകളി എന്നിവ അവതരിപ്പിച്ചു. പ്രേംജി അവാര്‍ഡ്, ചേര്‍ത്തല ഭവാനിയമ്മ പുരസ്കാരം, ജോസഫ് കൈമാപ്പറമ്പന്‍ അവാര്‍ഡ്, സംഗീത നാടക അക്കാദമി അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.
'കഥാപ്രസംഗം: ആഖ്യാന പരിസരവും പ്രത്യയശാസ്ത്രവും' എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. കഥാപ്രസംഗത്തില്‍ ആദ്യമായി ഡോക്ടറേറ്റ് നേടിയ വ്യക്തിയാണ് ധന്യ. ഈ വിഷയത്തില്‍ രണ്ടു പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.കഥാപ്രസംഗത്തെ ഡിജിറ്റല്‍ ഇടങ്ങളിലേക്ക് പറിച്ചുനട്ടുകൊണ്ട് കലാരൂപത്തിന് പുതുജീവന്‍ നല്‍കാനാണ് തന്റെ ശ്രമമെന്ന് ധന്യ പറയുന്നു.
കല കേവലം ഗ്രേസ് മാര്‍ക്കിനുള്ള ഉപാധിയല്ലെന്നും അതു സമൂഹത്തോട് സംവദിക്കാനുള്ള കരുത്തുറ്റ മാധ്യമമാണെന്നും ധന്യ കൂട്ടിച്ചേര്‍ത്തു.
കാശിഷ് വീണ്ടും കസറി
കാഞ്ഞങ്ങാട്: സംസ്ഥാന കേരളോത്സവം നാടകമത്സരത്തില്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടതിലൂടെ ശ്രദ്ധേയായ ഉത്തരേന്ത്യന്‍ സ്വദേശിനി കാശിഷ് മുകേഷ് സര്‍വകലാശാല കലോത്സവത്തിലും മികവ് തെളിയിച്ചു. മാനന്തവാടി ഗവ.കോളജിലെ ഒന്നാംവര്‍ഷ എംകോം വിദ്യാര്‍ഥിനിയായ കാശിഷ് ഹിന്ദി കവിതാലാപനത്തില്‍ ഒന്നാംസ്ഥാനവും ഹിന്ദി പ്രസംഗത്തില്‍ രണ്ടാംസ്ഥാനവുമാണ് സ്വന്തമാക്കിയത്.
രാജസ്ഥാന് സ്വദേശി മുകേഷ് സിംഗിന്റെയും ഉത്തര്‍പ്രദേശ് സ്വദേശിനി പൂജയുടെയും മകളാണ്. കാഞ്ഞങ്ങാട് വെള്ളിക്കോത്ത് വാടകയ്ക്കു താമസിച്ചുകൊണ്ടിരുന്ന ഇവര്‍ക്ക് പിന്നീട് ചിറ്റിലപ്പള്ളി ഫൗണ്ടേഷനും കോട്ടപ്പാറ സനാതന കോളജ് എന്‍എസ്എസ് യൂണിറ്റും ചേര്‍ന്ന് മടിക്കൈ വാഴക്കോട്ട് വീട് നിര്‍മിച്ചുനല്‍കി. കരള്‍രോഗബാധിതനായ അച്ഛന് മുകേഷ് രാജസ്ഥാനിലേക്കു മടങ്ങിയപ്പോള്‍ അമ്മ പൂജയാണ് തയ്യല്‍ ജോലി ചെയ്ത് ഏഴുമക്കളെയും പഠിപ്പിച്ചുവളര്ത്തുന്നത്.